കേരള ഭൂജല ( നിയന്ത്രണവും ക്രമീകരണവും) ആക്റ്റ് 2002, 16-12-2003 ല്‍ നിലവില്‍ വന്നു. പൊതു താത്പര്യം മുന്‍ നിര്‍ത്തി, സംസ്ഥാനത്ത് ഏതൊരു രീതിയിലുമുള്ള ഭൂജല വികസനം ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു ആക്റ്റ് നിലവില്‍ വന്നത്. തുടര്‍ന്ന് 16.03.2004 – ാം തീയതിയിലെ സ.ഉ(പി) നമ്പര്‍ 17/2004/ജ.വി.വ ഉത്തരവ് പ്രകാരം ഈ ആക്റ്റിന്റെ ചട്ടങ്ങള്‍ നിലവില്‍ വരികയും ചെയ്തു. തുടര്‍ന്ന് 16.01.2004 ല്‍ സംസ്ഥാന ഭൂജല അതോറിറ്റി രൂപീകരിയ്ക്കുകയും ചെയ്തു. ഭൂജല അതോറിറ്റിയിലെ അംഗങ്ങള്‍ താഴെ പറയുന്നവരാകുന്നു.

1. ജലവിഭവ വകുപ്പ് സെക്രട്ടറി – ചെയര്‍മാന്‍
2. ധനകാര്യവകുപ്പ് സെക്രട്ടറി – എക്‌സ് ഓഫീഷ്യോ മെമ്പര്‍
3. തദ്ദേശ സ്വയംഭരണ ഗ്രാമവികസന വകുപ്പ് സെക്രട്ടറി-എക്‌സ് ഓഫീഷ്യോ മെമ്പര്‍
4. ഭൂജല വകുപ്പ് ഡയറക്ടര്‍ – അതോറിറ്റിയുടെ സെക്രട്ടറി
5. കൂടാതെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന താഴെ പറയുന്ന അംഗങ്ങള്‍

  • രണ്ട് നിയമസഭാംഗങ്ങള്‍
  • ഒരു ജലവിഭവ വിദഗ്ധന്‍
  • ഒരു ഗ്രാമ പഞ്ചായത്ത് അംഗം
  • ഒരു മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം
  • പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഒരംഗം
  • ഒരു വനിതാ അംഗം
  • ഒരു പൊതു പ്രവര്‍ത്തകന്‍
  • ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍

കേരള സര്‍ക്കാരിന്റെ 23-09-2017 ലെ ജി.ഒ (പി) നം. 19 /2017/ ഡബ്ല്യൂ.ആര്‍.ഡി ഉത്തരവ് പ്രകാരം സംസ്ഥാന ഭൂജല അതോറിറ്റി പുന:സംഘടിപ്പിച്ചിരിക്കുന്നു.
2004 ല്‍ സ്ഥാപിതമായ ഭൂജല അതോറിറ്റി ഭൂജല പരിപാലനവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്ത് വരുന്നു. ഭൂജല സ്രോതസ്സുകളുടെ ഫലപ്രദമായ വികസനം, വിനിയോഗം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് ഭൂജല അതോറിറ്റി നിലകൊള്ളുന്നത്.

പ്രവര്‍ത്തനങ്ങള്‍

പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭൂജലത്തിന്റെ ഫലപ്രദമായ ഉപയോഗം, സംരക്ഷണം എന്നിവ സംബന്ധിച്ച് ഹ്രസ്വ ചിത്രങ്ങള്‍, ലഘുലേഖകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയിലൂടെ അവബോധം സ്യഷ്ടിച്ച് വരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്ന ക്രമരഹിതമായ അനധികൃത ഭൂജല ചൂഷണം, സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും വിവിധ പാരിസ്ഥിതിക, സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവരുന്നു. തീരദേശ പരിപാലന മേഖലകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭൂജല അതോറിറ്റി ഭൂജല വികസനം നടപ്പിലാക്കിവരുന്നു.

പ്രസക്തി

ഭൂജല നിയമം പ്രാബല്യത്തില്‍ വന്നതോടെ കേവല ഭൂജല വികസനത്തില്‍ നിന്നും ഭൂജല പരിപാലന രംഗത്തേക്ക് ഭൂജല വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു താഴെ പറയുന്ന മേഖലകളില്‍ ഭൂജലവകുപ്പിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ചെറു പ്രദേശങ്ങളില്‍ നിന്നും ജനസാന്ദ്രതയുള്ള പട്ടണങ്ങളിലും, നഗരങ്ങളിലും ഭൂജല ചൂഷണം വ്യാപിച്ചതിന്റെ ഫലമായി ഉടലെടുത്ത ഭൂജല പരിപാലന വെല്ലുവിളികള്‍ അമിത ഭൂജല ചൂഷണത്തിന് കാരണങ്ങളായിതീര്‍ന്നു.

ഇന്ന് ഭൂജല വികസന ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഭൂജല പരിപാലന മേഖലകളും സങ്കീര്‍ണ്ണങ്ങളായി മാറികൊണ്ടിരിക്കുന്നു.

ഭൂജല നിയന്ത്രണ ക്രമീകരണങ്ങള്‍ക്കായി പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യുക, വ്യാവസായ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് നിരാക്ഷേപ പത്രം നല്‍കുക എന്നിവ ഭൂജല അതോറിറ്റിയുടെ മുഖ്യ പ്രവര്‍ത്തനങ്ങളാകുന്നു.