ആവര്‍ത്തിച്ച് ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍
ഏറ്റവും സമീപസ്ഥമായ കിണറുകള്‍/ കുഴല്‍കിണറുകള്‍ എന്നിവ തമ്മില്‍ ഉണ്ടായിരിക്കേണ്ട അകലം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ നിലവിലില്ല. എന്നാല്‍ ഭൂജല പര്യവേഷണത്തിലൂടെ പ്രാദേശികമായ ഭൂജലസ്ഥിതി മനസ്സിലാക്കിയാണ് കിണറുകള്‍ക്ക് ശാസ്ത്രീയമായ സ്ഥാനനിര്‍ണ്ണയം നടത്തുന്നത്. ഓരോ കിണര്‍ നിര്‍മ്മാണത്തിലും ഈ രീതി നിര്‍ബന്ധവുമാണ്. എന്നിരുന്നാലും പൊതു കുടിവെള്ള പദ്ധതികള്‍ സംരക്ഷിക്കുന്നതിനായി ജലം പമ്പ് ചെയ്യുന്നനിലവിലുള്ള പൊതു കുടിവെള്ള സ്രോതസ്സുകളില്‍ നിന്നും 30 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ ഒരു പുതിയ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ഭൂജല അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടേണ്ടതുണ്ട്.
കിണറുകളും, കുഴല്‍ കിണറുകളും ജലഭൃതങ്ങള്‍ (aquifer) എന്നു വിളിക്കപ്പെടുന്ന പലതരം ഭൂജല ശേഖരങ്ങളില്‍ നിന്നും ജലം എടുക്കുന്നതിനുള്ള തികച്ചും വ്യത്യസ്ഥമായ ഭൂജല നിര്‍മ്മിതികളാണ്. ബന്ധിത/ഭാഗിക ബന്ധിത (confined/ semi confined) അവസ്ഥയിലുള്ള ശിലകളിലെ വിള്ളലുകളാല്‍ രൂപപ്പെടുന്ന ജലഭൃതങ്ങളില് നിന്നുമാണ് കുഴല്‍ കിണറുകളില്‍ ജലം ലഭിക്കുന്നത്. എന്നാല്‍ സ്വതന്ത്ര ജലഭൃതങ്ങളില് (unconfined aquifer) നിന്നുമാണ് തുറന്നകിണറുകളിലൂടെ ജലം ലഭിക്കുന്നത് ഭൂജല വൈജ്ഞാനികത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രകാരം സ്വതന്ത്ര ജലഭൃതവും, ബന്ധിത ജലഭൃതവും തമ്മില്‍ അവയുടെ പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ പരസ്പരം സമ്പര്ക്കമല്ലാത്തതിനാല്, ബന്ധിത/ ഭാഗിക ബന്ധിത ജലഭൃതങ്ങളില് നിന്നും കുഴല്‍ കിണറുകള്‍ വഴി ജലം പമ്പിംഗ് ചെയ്യുന്നത് സ്വതന്ത്രജലഭൃതത്തില് നിന്നും ജലം എടുക്കുന്ന സമീപത്തെ തുറന്ന കിണറുകളെ സാധാരണയായി ബാധിക്കാറില്ല. എന്നാല്‍ ഒരേ ശിലാഘടനയുടെ തുടര്‍ച്ചയില്‍ തന്നെയുള്ള ഒരേ ജലഭൃതത്തില് (ബന്ധിത/ഭാഗിക ബന്ധിത) നിര്‍മ്മിച്ചിട്ടുള്ള മറ്റ് കുഴല്‍ കിണറുകളിലെ പമ്പിംഗ് മൂലം അവ പരസ്പരം ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. അതുപോലെതന്നെ തുറന്ന കിണറുകള്ക്കുള്ളിലെ വിള്ളലുകള്‍ ആഴത്തിലേയ്ക്ക് തുടര്‍ന്നു പോകുന്നതും കുഴല്‍ കിണറുകള്‍ ജലമെത്തുന്ന വിള്ളലുകളുമായി ബന്ധപ്പെട്ടിരിക്കുന്ന പക്ഷം കുഴല്‍ കിണറുകളിലെ പമ്പിംഗ് തുറന്ന കിണറുകളെ ബാധിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ തുറന്ന കിണറുകള്‍ വറ്റിപ്പോകാനും സാദ്ധ്യതയുണ്ട്. കൂടാതെ കുഴല്‍ കിണറുകളിലെ കേസിംഗ് പൈപ്പ് (മണ്ണുള്ള ഭാഗത്ത് ഉറപ്പിക്കുന്ന പി. വി. സി പൈപ്പ്) കഠിനശിലയ്ക്കുള്ളിലേയ്ക്ക് ഉചിതമായി ഉറപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലും, മണ്ണിന്റെ ഘനംകുറവും, ശിലയിലെ വിള്ളലുകള്‍ കുഴല്‍ കിണറുമായി ഒരേ രേഖയില്‍ ആകുന്നതുമായ സാഹചര്യത്തില്‍ സമീപത്തെ തുറന്ന കിണറുകള്‍ വറ്റിപ്പോകാന്‍ സാദ്ധ്യത ഉണ്ടാകുന്നതാണ്.
കുഴല്‍ കിണറുകളില്‍ മേല്‍ മണ്ണിന്റെ ഘടന സംരക്ഷിക്കുന്നതിനുവേണ്ടി അടിത്തട്ടിലെ ശിലയ്ക്ക് മുകളില്‍ കാണുന്ന 'Vodose' മേഖലയായ മണ്ണില്‍ ഇറയ്ക്കപ്പെട്ടിരിക്കുന്ന സുരക്ഷാ കുഴലിനെയാണ് ബാഹ്യ കേസിംഗ് പൈപ്പ് എന്ന് പരാമര്‍ശിക്കപ്പെടുന്നത്. കുഴല്കിണറുകള്ക്കുള്ളിലേയ്ക്ക് മണ്ണ് ഇടിഞ്ഞ് വീഴുന്നതില്‍ നിന്നും ഉപരിതല മാലിന്യം ജലത്തോടൊപ്പം ഒഴുകി എത്തുന്നതില്‍ നിന്നും കുഴല്‍ കിണറുകളെ സംരക്ഷിക്കുക എന്നതാണ് കേസിംഗ് പൈപ്പിന്റെ പ്രധാന ധര്‍മ്മം. അടിത്തട്ടിലുള്ള ശിലയിലേയ്ക്ക് കുറച്ചു സെന്റീമീറ്ററുകള്‍ തുരന്ന് കഠിനശിലാപാളിയില് ആണ് ബാഹ്യ കേസിംഗ് പൈപ്പ് ഉറപ്പിക്കുന്നത്. അതേസമയം ഉള്ക്കേസിംഗ് പൈപ്പ് എന്നത് കുഴല്‍ കിണറിന്റെ ഏറ്റവും താഴത്തെ അഗ്രം വരെ ഘടിപ്പിക്കുന്നതും എല്ലായിടങ്ങളിലും നിര്‍ബന്ധമല്ലാത്തതുമായ സുരക്ഷാ സംവിധാനമാണ്.
പൊതുവായി ഉപരിതലാവസ്ഥയില് ഫുള്കേസിംഗ് പൈപ്പ് ആവശ്യമല്ലായെങ്കിലും ആശങ്കാജനകമായ ഭൂഗര്ഭഘടനയുള്ള സ്ഥലങ്ങളില്‍ ഇത് അഭിലഷണീയമാണ്. ബാഹ്യ കേസിംഗ് പൈപ്പിനെക്കാള്‍ ഉള്ക്കേസിംഗ് പൈപ്പിന്റെ വ്യാസം എപ്പോഴും കുറവായിരിക്കും. കിണറിനുള്ളില്ലേയ്ക്ക് എളുപ്പത്തില്‍ ജലം കടന്നുവരാന്‍ പാകത്തില്‍ ഉചിതമായ ആഴങ്ങളില്‍ ഉള്ക്കേസിംഗ് പൈപ്പിന്റെ സുഷിരങ്ങള്‍ ഉണ്ടാക്കിയാണ് ഇത് സംവിധാനിക്കുന്നത്. ഇത്തരം ഉള്ക്കേസിംഗ് പൈപ്പുകള്‍ ജലത്തില്‍ മുങ്ങിക്കിടക്കുന്നതരം പമ്പ് (സബ്മേഴ്സിബിള്‍) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്കുന്ന കവചമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഭൂജലവകുപ്പ് സംസ്ഥാനത്തെ ഭൂജലവികസനം പര്യവേഷണം എന്നിവയുടെ നോഡല്‍ ഏജന്‍സിയാകുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ബോര്‍വെല്‍ നിര്‍മ്മാണം നടത്തുന്നതിന് മുമ്പ് ഭൂജലവകുപ്പിന്റെ ഫീസിബിളിറ്റി റിപ്പോര്‍ട്ട് നിര്‍ബന്ധമായും നേടിയിരിക്കണം. പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അനുഛേദം 93(a) കുഴല്‍കിണര്‍/ ബോര്‍വെല്‍ നിര്‍മ്മാണത്തിന് മുമ്പ് ഭൂജലവകുപ്പിന്റെ 'ക്ലീയറന്‍സ് ' പെര്‍മിറ്റ് നേടുവാനായി നിഷ്കര്ഷിച്ചിരിക്കുന്നു. ഭൂജലവകുപ്പ് നല്കുന്ന (ക്ലീയറന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രദേശത്ത് നടത്തുന്ന ഹൈഡ്രോജിയോളജിക്കല്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ മറ്റ് ഭൂജല ഉപഭോക്താക്കളെ പരിഗണിച്ച് ഭൂജലവകുപ്പ് നല്കുന്ന ഫീസിബിളിറ്റി റിപ്പോര്‍ട്ട് മാത്രമാകുന്നു. ഇപ്രകാരം നല്കുന്ന ഭൂജല പര്യവേഷണ റിപ്പോര്‍ട്ടില്‍, കിണര്‍ കുഴിക്കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥാനം, വ്യാസം, ആഴം എന്നിവ ഉള്‍പ്പെടുന്നു. മേല്‍ പറഞ്ഞവ കൂടാതെ സംസ്ഥാനത്തെ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണത്തിനും, നിലവിലെ കിണര്‍ പരിവര്‍ത്തനത്തിനും, മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. പരിവര്‍ത്തനം എന്നാല്‍, നിലവിലെ കിണറിന്റെ ആഴം, വ്യാസം കുടാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പമ്പിന്റെ കുതിരശക്തി കൂട്ടുക എന്നിവ ഉള്‍പ്പെടുന്നു.
പദങ്ങള്‍ സൂചിപ്പിക്കുന്നതു പ്രകാരം കുഴല്‍ കിണറുകളും ട്യൂബ് വെല്ലുകളും അധോപരിതലത്തിലെ ജലഭ്യതങ്ങളില് നിന്നും ഭൂജലം എടുക്കുന്നതിനുള്ള ഭൂജല നിര്‍മ്മിതികളാണ്. കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കപ്പെടുന്നത് പരലീകൃത കഠിന ശിലകളിലാണ്. ട്യൂബ് വെല്ലുകള്‍ നിര്‍മ്മിക്കപ്പെടുന്നത് ഉറപ്പില്ലാത്ത മൃദുലമായ അവസാദപാളികളിലാണ്, പ്രത്യേകിച്ചും ബോര് വെല്ലുകളില്‍ കഠിനശില വരെമാത്രമാണ് കേയ്സിംഗ് പൈപ്പ് ഉപയോഗിക്കുന്നത്. അതേ സമയം തീരദേശ മേഖലകളില്‍ നിര്‍മ്മിക്കപ്പെടുന്ന ട്യൂബ് വെല്ലുകളില്‍ കുഴല്‍ കിണറിന്റെ മുഴുവന്‍ ആഴം വരെയും പൈപ്പുകള്‍ ഇറക്കപ്പെടുന്നു. ബോര് വെല്ലുകളുടെയും, ട്യൂബ് വെല്ലുകളുടെയും നിര്‍മ്മാണ രീതിയിലും വ്യത്യാസമുണ്ട്. DTH ( Down The Hole Drilling)സാങ്കേതിക രീതി ഉപയോഗിച്ചാണ് ബോര്‍വെല്ലുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. DTH യന്ത്ര ചുറ്റിക (Hammer) കഠിനശിലകള്‍ തുരക്കുവാനുള്ള ദ്രുത രീതികളില്‍ ഒന്നാണ്. DTH യന്ത്ര ചുറ്റികയുടെ ദ്രുത പ്രവര്‍ത്തനം കഠിനശിലയെ ചെറുകഷണങ്ങളായും ധൂളികളായും വിഘടിക്കപ്പെടുകയും DTH യന്ത്ര ചുറ്റികയിലൂടെ വരുന്ന വായുവിനോടൊപ്പം അവയെ പുറന്തള്ളി കിണര്‍ വൃത്തിയാക്കപ്പെടുകയും ചെയ്യുന്നു. ട്യൂബ് വെല്ലുകള്‍ നിര്‍മ്മിക്കപ്പെടുന്നത് റോട്ടറി ഡ്രില്ലിംഗ് രീതി ഉപയോഗിച്ചാണ്. റോട്ടറി ഡ്രില്ലിംഗ് റിഗ്ഗുകള്‍ സംവിധാനിക്കപ്പെട്ടിട്ടുള്ളത് കറങ്ങാന്‍ സാധിക്കുന്ന തുളക്കുന്ന പല്ലുകള്‍ (Drill bits)ഉള്‍പ്പെടെയാണ്. ഇതില്‍ കിണര്‍ തുരക്കല്‍ സുഗമമാക്കുന്നതിനായി ഘടികാര സൂചിയുടെ കറക്ക ദിശയില്‍ ചലനം നല്കുവാനുള്ള ശക്തി നല്കുവാനുള്ള സംവിധാനവും ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. റോട്ടറി പീഠം മുഴുവനായി ഒരു മിനിട്ടില്‍ കറങ്ങുന്ന തവണകളുടെ എണ്ണത്തെയാണ് റോട്ടറി വേഗത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് (RPM), നേര്ദിശാ റോട്ടറി രീതിയില്‍ കളിമണ്ണ്, ചെളി വെള്ളം കിണര്‍ തുരക്കുന്ന പൈപ്പുകളുടെ ദ്വാരത്തിലൂടെ പമ്പ് ചെയ്യപ്പെടുകയും തുളക്കല്‍ ദണ്ഡുകളുടെ ( Drill rods) ബാഹ്യഭാഗത്തുകൂടി ഒഴുകുന്നതോടൊപ്പം വിഘടിപ്പിച്ച മണ്ശിലാ ഉത്പ്പന്നങ്ങളെ ഉപരിതലത്തിലേക്ക് കൊണ്ടുവരാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നു. കളിമണ്‍ ചെളിയുടെ വിസ്ക്കോസിറ്റി (viscosity) ഉചിതമായി നിലനിര്‍ത്തുന്നതിന് വേണ്ടി നിയന്ത്രിതമായ അളവില്‍ ജലം ഉപയോഗിക്കുന്നത് നിമിത്തം വിഘടിത ശിലാമണ്ഭാഗങ്ങളെ (കൂടുതലായി മണലിനെ) മേല്ഭാഗത്തേക്കുള്ള പ്രവാഹത്തോടൊപ്പം കൊണ്ടുപോകുന്നതിനും കുഴല്‍ ക്കിണറിന്റെ ചുറ്റുഭാഗങ്ങള്‍ ഇടിഞ്ഞ് വീഴുന്നതില്‍ നിന്ന് താല്‍ക്കാലികമായി തടയുന്നതിനും സാധിക്കുന്നു. നേരെമറിച്ച് എതിര്‍ദിശാ റോട്ടറി രീതിയില്‍ തുരക്കല്‍ ദണ്ഡിന്റെ (Drill rod) ബാഹ്യഭാഗത്തുകൂടി ട്യൂബ് വെല്ലിന്റെ ദ്വാരത്തിലേക്ക് ജലം കടത്തിവിടുകയും തുരക്കുവാന് ഉപയോഗിക്കുന്ന പൈപ്പിന്റെ മദ്ധ്യദ്വാരത്തിലൂടെ വിഘടിത മണ്ശിലാ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജലം ഉപരിതലത്തിന് പുറത്തേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യുന്നു. എതിര് ദിശാ റോട്ടറി രീതി അവലംബിക്കുന്നതു മുഖേന കൂടുതല്‍ കൃത്യമായ ശിലാ /മണ് പാളികളുടെ പട്ടിക ലഭിക്കുന്നു.
ദീര്‍ഘകാലത്തെ സ്ഥിരമായ ഉപയോഗത്താല്‍ ബോര്‍വെല്ലുകളില്‍ ജലക്ഷമതയില്‍ കുറവ് വരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ട്യൂബ് വെല്ലുകളുടെ അരിപ്പകളില്‍ പൊടി കട്ടപിടിക്കുന്നതും ശിലാവിള്ളലുകളുടെ വണ്ണം കുറവുള്ള കേസില്‍ കളിമണ്‍ പദാര്‍ത്ഥങ്ങള്‍ അടിഞ്ഞ് കട്ടിയാക്കുന്നതും ഈ സാഹചര്യത്തിന് കാരണമായേക്കാവുന്നതാണ്. മറ്റു ചില കേസുകളില്‍ കുഴലിനുള്ള ജലത്തിന്റെ ക്ഷണികമായ ഒഴുക്കിന്റെ ഫലമായി സില്‍റ്റ്, സാന്‍ഡ് വലിപ്പത്തിലുള്ള തരികള്‍ താഴേക്ക് പതിക്കുന്നത് ജലക്ഷമത കുറയ്ക്കുകയും പമ്പിംഗ് ക്ലേശകരമാക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരം സജലപ്രവാഹം ( flushing) എന്ന് വിളിക്കാവുന്ന ശക്തമായ ജലധാരയിലൂടേയോ, ദ്രാവക സമ്മര്‍ദ്ദ പ്രയോഗത്തിലൂടെയോ കിണര്‍ വൃത്തിയാക്കുക എന്നതാണ്. നിശ്ചിത ഫീസ് ഈടാക്കികൊണ്ട് ഭൂജല വകുപ്പ് ഇത്തരം സേവനങ്ങള്‍ നല്കിവരുന്നു.
ബോര്‍വെല്ലുകളിലെ ജലക്ഷമത, ജലഭൃതത്തിന്റെ പ്രവാഹക്ഷമത (Transmissivity) (T) യേയും ബാഹ്യഗമനത്വത്തേയും (Storativity) (S) ആശ്രയിച്ചാണിരിക്കുന്നത്. ഇവ ജലഭൃതം നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മണ്ണിന്റെ തരം, ജലഭൃതത്തിന്റെ വ്യാപ്തത്തേയും അവലംബിച്ചാണ് നിലകൊള്ളുന്നത്. കഠിന ശിലയിലെ വിള്ളലുകളാകുന്ന ജലഭൃതത്തില് നിന്നാണ് ബോര് വെല്ലുകളില്‍ ഭൂജലം എത്തുന്നത്. ഇത്തരം വിള്ളലുകള്‍ പരസ്പരം ബന്ധമുള്ളത് ആയേക്കും. ബോര്‍വെല്ലുകളിലെ ജലക്ഷമത ഇത്തരം വിള്ളലുകളുടെ പരിധികള്‍ക്ക് അനുസരിച്ച് ഇരിക്കും. ഉപരിതലത്തിലെ ചെറിയ അകലത്തിനുള്ളില്പോലും ചരിഞ്ഞ വിള്ളലുകളിലൂടെ ജലം നുഴഞ്ഞുകയറുന്ന ആഴത്തിലും അതിന്റെ വിസ്തൃതിയിലും മാറ്റം വരാനുള്ള സാധ്യത ടി സ്ഥലത്തിന്റെ നെടുകെയുള്ള ഛേദത്തില്‍ സംഭവിക്കാവുന്നതാണ്. ഇവയാണ് കുറഞ്ഞ അകലത്തിനുള്ളിലെ കുഴല്‍ക്കിണറുകളിലെ വ്യത്യസ്ത ജലക്ഷമതയ്ക്ക് കാരണം.
ഒരു പ്രദേശത്തെ നിലവിലുള്ള കിണറുകളിലെ വിള്ളലുകളുടെ സാന്നിദ്ധ്യവും, ആഴവും കണക്കിലെടുത്ത് ഭൂജല പര്യവേഷണത്തിലൂടെയാണ് പുതിയ ബോര്‍വെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആഴം നിര്‍ണ്ണയിക്കപ്പെടുന്നത്. ഭൂജല പരിപാലനത്തിന്റെ ഭാഗമായി ഭൂജല വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കുന്നത്. ഉപരിതലത്തില്‍ നിന്നും 60 മുതല്‍ 100 മീറ്റര്‍ വരെയാണ് കേരളത്തില്‍ സാധാരണയായി കുഴിക്കുന്ന ബോര്‍വെല്ലുകളുടെ ആഴം, എന്നിരുന്നാലും സ്ഥലങ്ങള്‍ക്ക് അനുസരിച്ച് കുഴിക്കുന്ന ആഴത്തിന് മാറ്റം വരാറുണ്ട്. ആയതിനാല്‍ ഭൂപ്രദേശത്തിന്റെ വ്യത്യസ്തത, ഭൂജല വൈജ്ഞാനിക അവസ്ഥ എന്നിവയ്ക്ക് അനുസരിച്ച് ഫീല്‍ഡ് പഠനത്തിലൂടെ ബോദ്ധ്യപ്പെട്ട ആഴം ആണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്.
കഠിനശിലാ ഭൂപ്രദേശങ്ങളില്‍ ഭൂജല സാന്നിധ്യം പൊതുവേ വളരെ കുറവാണ്. പല സ്ഥലങ്ങളിലും കഠിന ശിലയുടെ മേല്‍ഭാഗത്ത് ദൈര്‍ഘ്യമുള്ള വിള്ളലുകളും ദ്വിതീയ ശൂന്യസ്ഥലങ്ങളും കുറേ ആഴത്തില്‍ അപക്ഷയം കാരണം രുപപ്പെടാനുണ്ട്. കൂടിയ തോതില്‍ അപക്ഷയം സംഭവിച്ച് തരിതരികളായി പൊട്ടിയ കഠിനശിലകള്‍ ബോര്വെല്ലുകളിലേക്ക് നല്ല അളവില്‍ (മെച്ചപ്പെട്ട) ഭൂജലം ലഭ്യമാക്കുന്നു. ഗ്രാനൈറ്റ് ശിലകളിലെ പരസ്പര ബന്ധിതമായതും ആഴങ്ങള്‍ വരെ പാളികളാക്കപ്പെട്ടിട്ടുള്ളതുമായ അത്യധികം വിള്ളലുകള്‍, സമാനതയുള്ളതോ അല്ലാത്തതോ ആയ രണ്ടുതരം കഠിന ശിലകളുടെ സമ്പര്‍ക്ക മേഖലകള്‍, ഒരു കൂട്ടം ശിലാസന്ധികള്‍, പിളര്‍പ്പുകള്‍, സിരാശിലകള് മുതലായ ശിലാ ഘടനകള്‍ ബന്ധിതമോ സ്വതന്ത്രമോ ആയ അവസ്ഥകളില്‍ ധാരാളം ഭൂജലത്തെ കടത്തിവിടുന്നു. ജലലഭ്യത മര്‍ദ്ദം ചെലുത്തുന്ന ഒരു ചാലക ശക്തി വിഘടിത ജലഭൃതത്തിലെ പരസ്പര ബന്ധിതമായ വിള്ളലുകളിലൂടെ ഭൂജലം സഞ്ചരിക്കുന്നതിന് ഹേതുവാകുന്നു. ആയതിനാല്‍ ബോര്‍വെല്ലുകളുടെ ജലക്ഷമതയുടെ കാര്യത്തില്‍ വ്യാസത്തിന് യാതൊരു പ്രാധാന്യവുമില്ല എന്ന് മനസിലാക്കാം. 150mm ബോര്വെല്ലിന്റെയും 110mm ബോര്വെല്ലിന്റെയും ജലക്ഷമത ഒന്നുതന്നെ ആയേക്കും എന്നാല്‍ കുഴല്‍ക്കിണറിന് ആവശ്യമായ ആഴത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാസം നിര്‍ണ്ണയിക്കപ്പെടുന്നത്. ആഴമേറിയ ബോര്വെല്ലുകള്ക്ക് വ്യാസം കൂടുതലുള്ളത് കുതിരശക്തി കൂടിയ പമ്പിംഗ് ഉപകരണങ്ങള്‍ എളുപ്പത്തില്‍ സ്ഥാപിക്കുന്നതിന് സഹായകരമാകും.
ജലക്ഷമത കുറവുള്ള ബോര്‍വെല്ലുകളിലെ സ്ഥിര ജലനിരപ്പ് പമ്പിംദ് സമയത്ത് അതിവേഗം താഴുന്നതിനാല്‍ പമ്പിംഗിന് ആവശ്യമായ ജലത്തിന്റെ കോളം പലപ്പോഴും കുറവായിരിക്കും. ഇത്തരം കിണറുകളില്‍ ജലം തിരിച്ചെത്തുന്നതിന്റെ തോതും വളരെ കുറവായിരിക്കും. ഇത് ജലത്തില്‍ മുങ്ങിക്കിടക്കുന്ന പമ്പുകളിലെ മോട്ടോര്‍, ജലം ഇല്ലാത്ത അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതിലേക്ക് നയിക്കപ്പെടുന്നതിന്റെ ഫലമായി പമ്പിംഗ് ഉപകരണത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ആയതിനാല്‍ ജലക്ഷമത കുറഞ്ഞ കുഴല്‍ക്കിണറുകളില്‍ നിന്നും ജലം മുകളിലേക്ക് ഉയര്‍ത്തുന്നതിന് എയര്‍ കംപ്രസ്സര്‍ പമ്പ് (Air Compressor Pump) ഉപയോഗിക്കപ്പെടുന്നു. ജലം എടുക്കുവാനുള്ള കിണറ്റില്‍ ഉറപ്പിച്ചിട്ടുള്ള വെള്ളം എത്തിക്കുന്നതിനുള്ള കുഴലിന്റെ ഏറ്റവും ചുവട്ടിലുള്ള അഗ്രത്തിലൂടെ സമ്മര്‍ദ്ധ വായു കടത്തിവിടുന്നു. ജലം എടുക്കുന്ന കുഴലില്‍ ( ടി കുഴല്‍ ജലമുള്ള കിണറിലേക്ക് ഭാഗികമായി തുറന്ന് ഇരിക്കുന്നതാണ്) വായുവിന്റെയും ജലത്തിന്റെയും ഒരു മിശ്രിതം രൂപപ്പെടുന്നു. ഈ വായു ജല മിശ്രിതം ജലം എടുക്കുന്ന കുഴലിലൂടെ (delivery pipe) പുറത്തേക്ക് തള്ളപ്പെടുന്നു. സമ്മര്‍ദ്ധ വായു നല്‍കുന്നത് നിലനിര്ത്തപ്പെടുന്നിട്ടത്തോളം സമയം ജലത്തിന്റെ ഒഴുക്ക് തുടരുകയും ചെയ്യും. ജലക്ഷമത കുറഞ്ഞ കുഴല്‍ക്കിണറുകളില്‍ നിന്നും ചെറിയ അളവില്‍ ജലം എടുക്കുന്നതിന് ഇത്തരം പമ്പുകള്‍ മതിയാകുന്നതാണ്.
ജലക്ഷമതാ പരിശോധനയിലൂടെ /പമ്പിംഗ് ടെസ്റ്റിലൂടെ ആണ് ഒരു കിണറിന്റെ ജലക്ഷമത (നല്കാന് കഴിയുന്ന ജലത്തിന്റെ അളവ്) മനസിലാക്കന്‍ സാധിക്കുന്നത്. ഒരു കിണറില്‍ നിന്നും എത്രത്തോളം ഭൂജലം എടുക്കാന്‍ സാധിക്കുമെന്നും, ജലഭൃതത്തിനും സമീപകിണറുകള്ക്കും പമ്പിംഗ് നിമിത്തം എന്തൊക്കെ സ്വാധീന ഫലങ്ങള്‍ ഉണ്ടാകും എന്നുള്ള കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനാണ് ജലക്ഷമതാപരിശോധന നടത്തപ്പെടുന്നത്. വ്യത്യസ്ത തരം കിണറുകളില്‍ ജലക്ഷമതാ പരിശോധന നടത്തുന്നതിന് വ്യത്യസ്തമായ രീതികളും സമീപനങ്ങളും ഉണ്ട്. പലതരം കിണറുകളില്‍ ജലക്ഷമതാ പരിശോധന നടത്തുന്നതിനായി നാല് ജലക്ഷമതാ പരിശോധനാ സംവിധാനങ്ങള്‍ ( പമ്പിംഗ് ടെസ്റ്റ് യൂണിറ്റുകള്‍) നിലവില്‍ ഭൂജല വകുപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ കൃത്യതയുള്ള ഫലം ലഭിക്കുന്നതിന് വേനല്‍ക്കാലങ്ങളില്‍ /വരണ്ട സമയങ്ങളിലാണ് സാധാരണയായി ജലക്ഷമതാ പരിശോധന ചെയ്യാറുള്ളത്.
ശരാശരിയോ അതില്‍ക്കൂടുതലോ മഴ ലഭിക്കുന്ന നഗര പ്രദേശങ്ങളില്‍ ഒരു നീര്ത്തടത്തിന്റേതായ പങ്ക് വഹിക്കുന്ന മേല്ക്കൂരകളില് നിന്നും മഴവെള്ളക്കൊയ്ത്തിലൂടെ ലഭിക്കുന്ന ജലം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ടാങ്കുകളില്‍ ശേഖരിച്ച് ഉപയോഗിക്കാവുന്നതാണ്. കൂടുതലായി വരുന്ന മഴവെള്ളത്തെ ഭൂജല സംപോഷണം ചെയ്യുന്നതിനായി വഴിതിരിച്ച് വിടാനും സാധിക്കുന്നു. കുടിവെള്ളത്തിനായുള്ള ഒരു തുറന്ന കിണറിലേക്ക് ഭൂജലസംപോഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കിണറിനുള്ളിലേക്ക് മഴവെള്ളം ഒഴുക്കുന്നതിന് മുന്‍പായി മേല്കൂരയില് നിന്നുമുള്ള മാലിന്യങ്ങള്‍ ഉചിതമായ രീതിയില്‍ അരിച്ചുമാറ്റാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളും മാലിന്യങ്ങളും ഉണ്ടാകുവാന്‍ സാദ്ധ്യത കൂടുതല്‍ ഉള്ളതിനാല്‍ ആദ്യത്തെ ചില മഴകള്‍ സാധാരണയായി ഒഴിവാക്കപ്പെടാറുണ്ട്. ഒരു വൃത്തിയുള്ള മേല്‍ക്കൂരയില്‍ ഇതിനോടനുബന്ധിച്ച് അശുദ്ധ ജലത്തെ തിരിച്ചുവിടാന്‍ കഴിയുന്ന ഉചിതമായ അരിപ്പ സംവിധാനവും മേല്‍ക്കൂര മഴവെള്ളം ഉപയോഗിച്ചുള്ള ഒരു ഭൂജലസംപോഷണ പദ്ധതിക്ക് നിര്‍ബന്ധമായും ഉണ്ടാകേണ്ടതുണ്ട്.